ഹംപിയിലേക്കോ? ഈ മാർച്ചിലോ? - കഴിഞ്ഞ മാർച്ച് 26, 27, 28 തീയതികളിൽ ഉത്തര കർണ്ണാടകത്തിലെ ഹംപി ട്രിപ്പ് പ്ലാൻ ചെയ്തപ്പോൾ മുതൽ കേൾക്കാൻ തുടങ്ങിയ ചോദ്യമാണ്. അവിടുത്തെ കൊടും ചൂടിൽ കരിഞ്ഞുണങ്ങി പോകും എന്ന സൗന്ദര്യ ഉപദേശം മുതൽ ഡിഹൈഡ്രെഷനുണ്ടാവില്ലേ? സൂര്യാഘാതം വന്നാലോ അങ്ങനെ മെഡിക്കൽ ലൈനിൽ വരെയായി ഉപദേശങ്ങൾ. 39, 40,41, 42 അങ്ങനെ മുകളിലോട്ടു പോകുന്ന താപനില കാട്ടി ഗൂഗിളണ്ണനും പേടിപ്പിക്കാൻ തുടങ്ങി . ഒരു സഞ്ചാരി വളരെയധികം ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ് കാലാവസ്ഥ. പക്ഷെ ഈ ഹംപി യാത്ര കഴിഞ്ഞ സെപ്റ്റംബറിൽ ഒന്ന് പ്ലാൻ ചെയ്ത് ക്യാൻസൽ ചെയ്യേണ്ടി വന്നതാണ്. പിന്നെയൊരു ഒഴിവു കിട്ടിയത് മാർച്ചിൽ ആണ്. ഹംപി അത്രത്തോളം കൊതിപ്പിച്ചു. അങ്ങനെയിരിക്കെ ഞങ്ങളുടെ യാത്രകളുടെ റിസ്ക് മാനേജ്‌മന്റ് സ്പെഷ്യലിസ്റ്റായ എന്റെ ഭർത്താവിനും ഒരു മനംമാറ്റം! "ശാലു ഇപ്പൊ പോകണ്ട" എന്ന് പറഞ്ഞ അദ്ദേഹത്തോട് "വിടമാട്ടെ?" എന്നൊരു ഡയലോഗ് അടിച്ചപ്പോൾ പാവം സമ്മതിച്ചു. കുടുംബ സമാധാനം അതാണല്ലോ വലുത്!
|
ഹംപിയിലെ വിരൂപക്ഷ ക്ഷേത്രം |
വെയിലത്ത് മലരായി മാറാതെ ഹംപിയിലെ പ്രധാന സ്ഥലങ്ങൾ എങ്ങനെ കണ്ടു തീർക്കാം എന്നായി ചിന്ത. മൂന്ന് ദിവസം കൊണ്ട് ഹംപി, ബദാമി, പട്ടടക്കൽ എവിടെയെല്ലാം പോകാമെന്ന എന്റെ അത്യാഗ്രഹം ആദ്യം മാറ്റി വച്ചു . രാവിലെ ഏഴ് മുതൽ പതിനൊന്നു വരെയും വൈകുന്നേരം നാലര മുതൽ ഏഴ് വരെയും മാത്രം പുറത്തിറങ്ങിയാൽ മതി എന്ന സങ്കടകരമായ ഒരു തീരുമാനം ആദ്യം തന്നെയെടുത്തു. പക്ഷെ കാണാനുള്ള സ്ഥലങ്ങളുടെ ലിസ്റ്റ് എടുത്തപ്പോൾ കണ്ണ് തള്ളിപ്പോയി. ചില ക്ഷേത്രങ്ങൾ വിട്ടു കളയേണ്ടി വരും, പക്ഷേ പ്രധാന സ്ഥലങ്ങൾ ഒന്നും വിട്ടു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ച് കൊണ്ട് മൂന്ന് ദിവസത്തെ യാത്രാ പദ്ധതി തയ്യാറാക്കി.
മാർച്ച് 26 - ദുഃഖവെള്ളിയാഴ്ച
ഹംപി റെയിൽവേ സ്റ്റേഷനിൽ ചെന്നിറങ്ങിയ ഉടനെ കാര്യങ്ങളുടെ കിടപ്പുവശം ഏകദേശം മനസ്സിലായി. രാവിലെ എട്ടു മണിക്ക് തന്നെ നല്ല ചൂട്. ഇന്നത്തെ ദിവസം വൈകുന്നേരം മുതലാണ് കാഴ്ചകൾ കാണാൻ പോകണമെന്ന് പ്ലാൻ ചെയ്തിരിക്കുന്നത്. ഹംപിയിൽ നിന്നും 12 കിലോമീറ്റർ ദൂരമുള്ള ഹോസ്പേട്ടിലെ മല്ലിഗി ഹോട്ടലിൽ ആണ് റൂം ബുക്ക് ചെയ്തിരിക്കുന്നത്.
വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഹംപി. പതിനാലാം നൂറ്റാണ്ടിന്റെ പകുതിയോടെയാണ് ഹംപിയിൽ വിജയനഗര സാമ്രാജ്യം ഉദയം ചെയ്യുന്നത്. 1565-ൽ ഡെക്കാൻ സുൽത്താനത്തുകളുടെ ആക്രമണത്തിൽ തകരുന്നത് വരെ വിജയ നഗരസാമ്രാജ്യം അതി സമ്പന്നമായിരുന്നു. ആ പ്രൗഢിയുടെ ഏറ്റവും വലിയ ഉദാഹരണം തലസ്ഥാനമായ ഹംപി തന്നെയായിരുന്നു. വെട്ടിപ്പിടിച്ച പല നാടുരാജ്യങ്ങളിലെ സമ്പത്ത് ഹംപിയിൽ കൊട്ടാരങ്ങളും, വൻ ക്ഷേത്രങ്ങളും ദാരു ശില്പങ്ങളും നിർമിക്കാൻ ഉപയോഗിച്ചു. 1565 തളിക്കോട്ട യുദ്ധത്തിൽ വിജയനഗര സാമ്രാജ്യം പരാജയപ്പെട്ടപ്പോൾ ശത്രു സൈന്യം ഹംപി ഇടിച്ചു നിരത്തി. പ്രൗഢഗംഭീരങ്ങളായ കൊട്ടാരങ്ങളും ക്ഷേത്രങ്ങളും തകർക്കാൻ ആറു മാസം അവർ ചിലവഴിച്ചു. എന്നിട്ടും എല്ലാം തകർക്കാൻ ആകാതെ അവർ ഹംപി ഉപേക്ഷിച്ചു പോയി. ഇപ്പോൾ കാണുന്നതെല്ലാം അന്ന് രക്ഷപെട്ടവയാണ്. യഥാർത്ഥത്തിൽ ഇവിടെ ഉണ്ടായിരുന്നതിന്റെ 5% പോലും ഇന്ന് ബാക്കിയില്ല. ഉണ്ടായിരുന്നെങ്കിൽ ഹംപി ഒരു ലോക മഹാത്ഭുതം ആയിരുന്നേനെ. ഹംപിയുടെ ചരിത്രമറിയുന്ന ഏതു സഞ്ചാരിക്കും കനത്ത നഷ്ടബോധം തോന്നും. ഹംപിയിൽ എവിടെത്തിരിഞ്ഞാലും വൻ പാറക്കൂട്ടങ്ങൾ ആണ്. എല്ലാം കൂടെ ഇപ്പോ ഉരുണ്ടു വീഴും എന്ന് നമുക്ക് പേടി തോന്നും.
|
ഈ പാറക്കൂട്ടങ്ങൾ ഒക്കെ ഉരുണ്ടു വീഴുമോ ആവോ? |
വൈകുന്നേരം നാലു മണിക്ക് മീനച്ചൂടിന്റെ "സുഖം" അറിഞ്ഞു കൊണ്ട് മുറിയിൽ നിന്നിറങ്ങി. ഹംപിയിലെ ഒരു പ്രധാന ആകർഷണമായ "വിരൂപാക്ഷ ക്ഷേത്രം" ആണ് ആദ്യം കാണാൻ പോകുന്നത്. അതി പുരാതനമായ ഒരു ശിവ ക്ഷേത്രമാണിത്. വിരൂപാക്ഷ ക്ഷേത്രത്തിനു വിജയനഗര സാമ്രാജ്യത്തെക്കാൾ എത്രയോ പഴക്കമുണ്ട്. AD 7-ആം നൂറ്റാണ്ടിൽ രാഷ്ട്രകൂട ഭരണ കാലത്ത് തന്നെ പമ്പ-വിരൂപാക്ഷ ആരാധനയും ക്ഷേത്രവും നിലനിന്നിരുന്നു. പിന്നെ ഇത്തരത്തിൽ ക്ഷേത്രം വിപുലീകരിച്ചതും മോടി പിടിപ്പിച്ചതും വിജയനഗര രാജാക്കന്മാർ ആണെന്ന് മാത്രം. "പമ്പാക്ഷേത്രം" എന്നത് ലോപിച്ചാണ് "ഹംപി" എന്നായി മാറിയതത്രേ. വിരൂപാക്ഷ ക്ഷേത്രത്തിന്റെ ഗോപുരം അമ്പരപ്പിക്കുന്ന ഒരു കാഴ്ച തന്നെയാണ്.
|
വിരൂപാക്ഷ ക്ഷേത്രത്തിന്റെ ഗോപുരം |
ഗോപുരത്തിന്റെ അകത്ത് കടന്നപ്പോൾ ഒരു ഗൈഡ് ഞങ്ങളുടെ പുറകെ കൂടി. ക്ഷേത്രത്തെപ്പറ്റി അത്യാവശ്യം റിസർച്ച് ഒക്കെ നടത്തിയിരുന്നെങ്കിലും അയാളെയും കൂടെ കൂട്ടി. ആശാന് ചരിത്രമൊന്നും വലിയ വശമില്ലെങ്കിലും വിരൂപാക്ഷ ക്ഷേത്രത്തിലെ അതി കൗതുകകരമായ ഒരു കാഴ്ച കാണാൻ അയാളുടെ സഹായം കൊണ്ട് കഴിഞ്ഞു. "പിൻ ഹോൾ" ക്യാമറ എന്ന വിദ്യ ഉപയോഗിച്ച് ക്ഷേത്ര ഗോപുരത്തിന്റെ തലകീഴായ പ്രതിബിംബം ക്ഷേത്രത്തിന്റെ ഉൾചുവരിൽ പതിക്കുന്നു. പുരാതന കാലത്തെ ഭാരതീയ സാങ്കേതിക മികവിനെ നമിച്ച് പോയി.
"ഏതോ ഒരു രാജാവ് പണ്ടെങ്ങോ പണിത ഒരു ക്ഷേത്രം" എന്ന ലൈനിൽ ആയിരുന്നു നമ്മടെ ഗൈഡിന്റെ വിവരണം. പറഞ്ഞ കാശ് കൊടുത്ത് അദ്ദേഹത്തെ യാത്രയാക്കി ഞങ്ങൾ സമാധാനത്തോടെ ക്ഷേത്രം കാണാൻ തുടങ്ങി. വിരൂപാക്ഷ ക്ഷേത്രത്തിൽ വിട്ടു പോകാൻ പാടില്ലാത്ത ഒരു കാഴ്ച ശ്രീകോവിലിനു മുന്നിലുള്ള മണ്ഡപത്തിലെ മ്യൂറൽ പെയിന്റിങ്ങുകൾ ആണ്. ക്ഷേത്രത്തിനകത്ത് ഒരു വൻ വാനരപ്പട തന്നെയുണ്ട്. ഹംപി പ്രദേശം രാമായണവുമായി വളരെയധികം ബന്ധമുള്ളതാണ്. പുരാതന വാനര സാമ്രാജ്യമായിരുന്ന കിഷ്കിന്ധ ഇവിടെയായിരുന്നത്രേ. രാമന്റെ സഹായത്തോടെ സുഗ്രീവൻ ബാലിയെ തോല്പിച്ച് രാജാവായതൊക്കെ ഇവിടെ വച്ചാണത്രേ. ഏതായാലും വാനരന്മാർക്ക് നല്ല കോളാണ്. പ്രാർത്ഥനയ്ക്കെത്തുന്നവർ പഴവും മറ്റും വാരിക്കോരി കൊടുക്കുന്നു. പ്രത്യേകിച്ച് ആർക്കും ഒരു ഉപദ്രവവും ഇവയെക്കൊണ്ടില്ല.
|
കടലക്കൽ ഗണപതി |
വിരൂപാക്ഷ ക്ഷേത്രത്തിൽ നിന്നും പുറത്ത് കടന്നു ഞങ്ങൾ അടുത്തുള്ള കുന്നിൻ പ്രദേശത്തെ "കടലക്കൽ ഗണപതി" എന്നറിയപ്പെടുന്ന ചെറിയ ക്ഷേത്രം കാണാൻ പോയി. പടികൾ കയറി മുകളിൽ എത്തി. ശ്രീകോവിലിൽ പ്രകാശം തീരെ കുറവ് . കണ്ണ് ഇരുട്ടുമായി പൊരുത്തപ്പെട്ടപ്പോൾ ഭീമാകാരമായ ഗണേശ വിഗ്രഹം കണ്ടു അന്തം വിട്ടു നിന്ന് പോയി, ഞങ്ങൾ രണ്ടു പേരും. ഏകദേശം 15 അടി ഉയരമുള്ള ഭീമാകാരമായ ഒരു വിഗ്രഹം. അത് ശ്രീകോവിലിൽ നിറഞ്ഞു നില്ക്കുന്നു. ടോർച് തെളിച്ച്, ഞങ്ങൾ മുന്പിലും അവിടെ വച്ച് പരിചയപ്പെട്ട ഒരു പഞ്ചാബി അമ്മൂമ്മ പുറകിലുമായി വിഗ്രഹത്തെ വലം വച്ചു. പുറത്തിറങ്ങി അമ്മൂമ്മ ഭർത്താവിനോട് പറയുന്ന കേട്ടു. "ബുദ്ധിയുള്ള കുട്ടികൾ, അവരുടെ കയ്യിൽ ടോർച്ച് ഉണ്ടായിരുന്നു, എനിക്ക് പ്രദിക്ഷണം ചെയ്യാനായി.. ദൈവം അവരെ അനുഗ്രഹിക്കട്ടെ" .
ഇങ്ങനെ നാം ഒരിക്കലും കണ്ടിട്ടില്ലാത്തവരും ഇനി ഒരിക്കലും കാണാൻ സാധിക്കത്തവരുമായ മനുഷ്യരുടെ പ്രാർത്ഥന ലഭിക്കുന്നത് എന്ത് ഭാഗ്യമാണല്ലേ?
|
"ശാശിവേ കല്ല് " ഗണേശ |
അടുത്തതായി പോയത് "ശാശിവേ കല്ല് ഗണേശ" എന്ന ശിൽപം കാണാനാണ്. കടലക്കല്ല് ഗണേശ വിഗ്രഹത്തിന്റെ അടുത്ത് തന്നെയാണ് ഇതും. വലുപ്പത്തിൽ ചെറുതാണ്. അതുകൊണ്ടാകാം ആദ്യത്തെ വിഗ്രഹം കടലക്കല്ലും, ഇത് കടുകുകല്ലും (ശാശിവേ എന്നാൽ കടുക് എന്നാണ് കന്നടയിൽ) ആയത്. ശാശിവേ കല്ല് ഗണേശനെ സൂക്ഷമായി നിരീക്ഷിച്ചാൽ വയറിനു കുറുകെ കെട്ടി വച്ചിരിക്കുന്ന ഒരു പാമ്പിനെ കാണാം. അതിന്റെ പിന്നിൽ രസകരമായ ഒരു നാട്ടു കഥയുണ്ട്. ഭക്ഷണ പ്രിയനായ ഗണപതി വളരെയധികം മോദകം കഴിച്ചെന്നും, അബദ്ധത്തിൽ വയറു പോട്ടിപ്പോയെന്നും ആണ് കഥ. പക്ഷെ ഗണപതിയുണ്ടോ കുലുങ്ങുന്നു? അതിലെ പോയ ഒരു പാമ്പിനെ പിടിച്ചു അരയിൽ കെട്ടി ആൾ കൂളായി പ്രശ്നം പരിഹരിച്ചു. കെട്ടുകഥ ആയിരിക്കാം. ഏതായാലും ഈ കഥയുണ്ടാക്കിയ വിരുതന്റെ സർഗാത്മകത സമ്മതിച്ചു!
ഹേമകൂട എന്നറിയപ്പെടുന്ന ചെറിയ കുന്നിൻ മുകളിലാണ് ഈ പറഞ്ഞ രണ്ടു ഗണേശ പ്രതിമകളും. കുന്നിറങ്ങി ഞങ്ങൾ അടുത്തതായി പോയത് ബാലകൃഷ്ണ ക്ഷേത്രം കാണാനാണ്. അടുത്ത് തന്നെയാണത്. അല്പം ചരിത്രം പറയാം. 1515 -ൽ കൃഷ്ണദേവരായർ തന്റെ ഒറീസ പടയോട്ടം വിജയകരമായി പൂർത്തിയായതിന്റെ ഓർമ്മക്കായി നിർമ്മിച്ച ക്ഷേത്രം ആണിത്. ഇപ്പോഴത്തെ അന്ധ്രയിലുള്ള "ഉദയഗിരി" കോട്ടയിൽ നിന്നും പിടിച്ചെടുത്ത കൃഷ്ണ വിഗ്രഹം സ്ഥാപിക്കാനാണ് ഈ ക്ഷേത്രം നിർമിച്ചതെന്ന് ചരിത്ര രേഖകൾ പറയുന്നു. ആക്രമണത്തിൽ ഇതിന്റെ ഗോപുരം മുക്കാലും തകർന്നിരിക്കുന്നു. വിഗ്രഹവും ഇപ്പോൾ ഇവിടെയില്ല. എണ്ണമറ്റ വാസ്തു ശില്പങ്ങൾ ഇവിടെ ഉണ്ടെങ്കിലും എന്നെ ഏറെ ആകർഷിച്ച ഒന്ന്, സൂര്യഗ്രഹണത്തിന്റെ ദൃശ്യമാണ്. സൂര്യനെ രാഹു വിഴുങ്ങാൻ പോകുന്ന ഈ ശിൽപം ഗോപുരത്തിന്റെ മുകള ഭാഗത്ത് അത്ര ശ്രദ്ധിക്കപ്പെടാത്ത ഇടത്താണ്.
|
സൂര്യഗ്രഹണത്തിന്റെ ദൃശ്യം |
സൂര്യാസ്തമയത്തിനു കഷ്ടിച്ച് അര മണിക്കൂർ മാത്രം. അതുകൊണ്ട് ഞങ്ങൾ അടുത്ത ലക്ഷ്യ സ്ഥാനമായ "ഉഗ്ര നരസിംഹ" ശിൽപം കാണാനായി തിരക്കിട്ട് നടന്നു. "ലക്ഷ്മി നരസിംഹ" എന്നും ഈ ശിൽപം അറിയപ്പെടുന്നു. കാണേണ്ട ഒരു കാഴ്ച തന്നെയാണ് ഇത്. രൗദ്ര ഭാവത്തിലുള്ള നരസിംഹ പ്രതിമ. എപ്പോൾ വേണമെങ്കിലും ജീവൻ വച്ച് നമ്മുടെ നേരെ ചാടി വീഴും എന്ന് തോന്നിപ്പോകും!
|
ഉഗ്ര നരസിംഹ ശിൽപം |
വളരെയധികം പ്രത്യേകതയുള്ള ഒരു ശിൽപം ആയിരുന്നു ഇത്. ഉഗ്ര രൂപിയായ നരസിംഹത്തിന്റെ മടിയിൽ സുന്ദരിയായ ലക്ഷ്മി ദേവി ഇരിക്കുന്ന രീതിയിലായിരുന്നു ശില്പത്തിന്റെ യഥാർത്ഥ രൂപം. എന്നാൽ തളിക്കോട്ട യുദ്ധത്തിൽ വിജയനഗരം പരാജയപ്പെട്ടപ്പോൾ ശത്രു സൈന്യം ഈ ശിൽപം ഭാഗികമായി നശിപ്പിച്ചു. പ്രതിമയുടെ പഴയ രൂപത്തെപ്പറ്റി വാമൊഴിയായി പറഞ്ഞു വരുന്ന വിവരമേ ഉള്ളൂ, ഒരു പെയിന്റിംഗ് പോലും ലഭ്യമല്ല. യുദ്ധം ഒരു രാജ്യത്തെ മാത്രമല്ല സംസ്കാരത്തെയും നശിപ്പിക്കുന്നു.
ഹംപിയിലെ മനോഹര സൂര്യാസ്തമയം തുടങ്ങിയിരുന്നു. "ഉഗ്ര നരസിംഹ" ശിൽപത്തിന്റെ തൊട്ടടുത്തുള്ള "ബടവ ലിംഗ" എന്നറിയപ്പെടുന്ന ശിവ പ്രതിഷ്ടയും കണ്ടു ഞങ്ങൾ പതുക്കെ ഹേമകൂട കുന്നിലെയ്ക്ക് നടന്നു. അവിടെയുള്ള സൺ സെറ്റ് പോയിന്റ് ആണ് ലക്‌ഷ്യം. പെട്ടെന്നാണ് കണവന്റെ ഷൂ പൊട്ടിയത്. ഇന്ത്യയുടെ തലങ്ങും വിലങ്ങും കുറെയധികം നടന്ന ഷൂ ആണേ, ഒരടി നടക്കാൻ പറ്റാത്ത അവസ്ഥ. ഹംപിയിൽ നല്ല വാക്കിംഗ് ഷൂ വളരെ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ മല കയറാനുള്ള ആഗ്രഹം ഉപേക്ഷിച്ചു. ഹോസ്പെട്ടിൽ ചെന്ന് ഷൂ വാങ്ങണം അല്ലെങ്കിൽ നാളത്തെ പരിപാടികൾ എല്ലാം അവതാളത്തിലാകും. ചിന്താഭാരവുമായി ഹംപിയിൽ നിന്നും തിരിച്ചു.
|
ഹംപിയിലെ മനോഹര സൂര്യാസ്തമയം |
ഹോസ്പേട്ടിൽ നാലഞ്ചു കടയിൽ കയറിയിറങ്ങി ഷൂ ഒക്കെ വാങ്ങി ഒരു ജ്യൂസുമടിച്ച് ഹോട്ടലിലേയ്ക്ക് പോയി. പിറ്റേന്നാണ് ഹംപിയിലെ ഏറ്റവും പ്രശസ്തമായ വിത്താല ക്ഷേത്രം (Vitthala Temple )കാണാൻ പോകുന്നത്. നമ്മുടെ വേനല്ക്കാല സ്പെഷ്യൽ പ്ലാൻ അനുസരിച്ച് രാവിലെ 7 മണിക്കെങ്കിലും ഹോട്ടലിൽ നിന്നും ഇറങ്ങണം. ഇന്നത്തെ യാത്രയുടെ ക്ഷീണം ബാക്കി കിടക്കുന്നു. ഉറങ്ങിപ്പോയതറിഞ്ഞില്ല.
27 ഏപ്രിൽ 2016
രാവിലെ ആറു മണിയായപ്പോൾ യാതൊരു അലാറവും ഇല്ലാതെ ഉറക്കം ഉണർന്നു. വിത്താല ക്ഷേത്രവും, കർണ്ണാടക ടൂറിസത്തിന്റെ മുഖമുദ്രയായ കല്ല് രഥവും കാണണം. പെട്ടെന്ന് കുളിച് റെഡിയായി. താമസിച്ചിരുന്ന ഹോട്ടലിൽ തന്നെ പ്രഭാതഭക്ഷണം കഴിച്ചു. അപ്പോഴേയ്ക്കും ഡ്രൈവറും വന്നു. കൃത്യം 8:15 നു ഞങ്ങൾ വിത്താല ക്ഷേത്രത്തിലേയ്ക്കുള്ള പ്രവേശന കവാടത്തിനു അടുത്തെത്തി. വിത്താല ക്ഷേത്രത്തിനു ഏകദേശം ഒരു കിലോമീറ്റർ ദൂരെ വരെ മാത്രമേ സ്വകാര്യ വാഹനങ്ങൾ അനുവദിക്കൂ. അതിനു ശേഷം മണ്ണിട്ട പാതയിലൂടെ നടക്കാം, അല്ലെങ്കിൽ ടൂറിസം വകുപ്പിന്റെ ഇലക്ട്രിക് വാഹനങ്ങളിൽ 20 രൂപ കൊടുത്ത് ക്ഷേത്ര വാതിൽക്കൽ ഇറങ്ങാം. വാഹനം ഓടിക്കുന്നത് മുഴുവൻ സ്ത്രീകളാണ്. രസകരമായ ഒരു യാത്രയായിരുന്നു അത്. ദൂരെ വിത്താല ക്ഷേത്രത്തിന്റെ ഗോപുരവും കണ്ടു കൊണ്ട് ഒരു അലസഗമനം.
|
വിത്താല ക്ഷേത്ര പരിസരത്തുള്ള മറ്റൊരു ക്ഷേത്രം |
രാവിലെ എട്ടിന് തുറക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും പുരാവസ്തു വകുപ്പിന്റെ ഉദ്യോഗസ്ഥൻ എത്തിയിട്ടില്ല. ഞങ്ങൾക്കും മുന്നേ, പുട്ടുകുറ്റി പോലെയുള്ള ക്യാമറയും അനുസാരികളുമായി കുറെ സായിപ്പന്മാൻ തമ്പടിച്ചിട്ടുണ്ട്. ഇവരുടെ ആത്മാർത്ഥ സമ്മതിക്കണം. വിത്താല ക്ഷേത്ര പരിസരത്ത് കുറച്ചു നേരം കറങ്ങി നടന്നു. എവിടെ തിരിഞ്ഞാലും ക്ഷേത്രങ്ങളും ശില്പങ്ങളും മാത്രമുള്ള ഹംപിയിൽ സമയം പോകാനാണോ പ്രയാസം?
|
വിത്താല ക്ഷേത്രത്തിന്റെ ഒരു വിദൂര ദൃശ്യം |
വിത്താല ക്ഷേത്ര പരിസരത്തുള്ള മറ്റൊരു ക്ഷേത്രത്തിൽ കയറി. അതും ഗംഭീരം തന്നെ. അവിടെ കുറച്ചു നേരം ചുറ്റി നടന്നപ്പോൾ പുട്ടുകുറ്റിയുമായി സായിപ്പ് ടിക്കറ്റ് കൌണ്ടറിനു നേരെ ഓടുന്നത് കണ്ടു. ആദ്യം കയറി ആരുടേയും ശല്യമില്ലാതെ ഫോട്ടോ എടുക്കണമെങ്കിൽ ഇത്തരം അഭ്യാസങ്ങൾ പലതും അറിയണം.
ഞങ്ങളും ടിക്കറ്റ് എടുത്ത് അകത്ത് കയറി. ഹംപി വിജയനഗര സാമ്രാജ്യത്തിന്റെ കിരീടം ആയിരുന്നെങ്കിൽ, അതിലെ ഏറ്റവും വിലപിടിപ്പുള്ള രത്നം ആയിരുന്നു വിത്താല ക്ഷേത്രം. 1422 മുതൽ വിജയനഗരം ഭരിച്ച ദേവരായ രണ്ടാമന്റെ കാലത്താണ് വിത്താല ക്ഷേത്രത്തിന്റെ നിർമാണം ആരംഭിച്ചത്. പിന്നീട് കൃഷ്ണദേവരായരും അദ്ദേഹത്തിന്റെ റാണിമാരും പട്ടാള മേധാവികളും എല്ലാം ഈ ക്ഷേത്രത്തെ മോടിപിടിപ്പിക്കാൻ മത്സരിച്ചു. വിഷ്ണുവിന്റെ ഒരു രൂപമാണ് വിത്താല. കർണാടക, മഹാരാഷ്ട്ര,ഗോവ,ആന്ധ്ര,തെലങ്കാന എന്നിവിടങ്ങളിലെ കർഷകരുടെ ഒരു പ്രധാന ദൈവമാണ് വിത്താല. അരയ്ക്കു കൈകൊടുത്ത് ഒരു ഇഷ്ടികയുടെ മേൽ നില്ക്കുന്ന ഗ്രാമീണ ബാലന്റെ രൂപത്തിലാണ് വിത്താല-വിഷ്ണു.
ഇവിടുത്തെ വിഗ്രഹം ഒന്നും ഇപ്പോൾ ഇല്ല. വിത്താല ക്ഷേത്രത്തിന്റെ മുഖ്യ ആകർഷണമായ കല്ല് രഥത്തിനു അടുത്തേക്കാണ് ആദ്യം പോയത്. തിരക്കില്ലാത്തത് കൊണ്ട് രഥം കൺകുളിർക്കെ കാണാനായി. അല്പം കൂടി കഴിഞ്ഞപ്പോൾ ഫോടോക്കരുടെയും സെൽഫിക്കാരുടേയും ഒരു പട തന്നെ രഥത്തിനടുത്ത് കൂടി.
ഒറീസയിലെയ്ക്കുള്ള തന്റെ പടയോട്ടത്തിൽ കൃഷ്ണദേവരായർ കൊണാർക്കിലെ രഥത്തിന്റെ രൂപത്തിലുള്ള സൂര്യക്ഷേത്രം ആ കണ്ടെന്നും, ആ മാതൃകയിൽ ആണ് കല്ല് രഥം നിർമിച്ചു എന്നുമാണ് കഥ. വിത്താല ദേവന്റെ വാഹനമായ ഗരുടന്റെ ചെറിയ അമ്പലമാണ് യഥാർത്ഥത്തിൽ കല്ല് രഥം.
|
കല്ല് രഥത്തിനുള്ളിലെ ഗരുഡ പ്രതിഷ്ഠ |
വിത്താല ക്ഷേത്രത്തിൽ അതി സങ്കീർണ്ണമായ കൊത്തുപണികൾ ചെയ്ത തൂണുകളോട് കൂടിയ നാല് മണ്ഡപങ്ങൾ ഉണ്ട്. ഇവയിൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിനു മുന്നിലുള്ള മഹാമണ്ഡപം ആണ് ഏറ്റവും മനോഹരം. മഹാ മണ്ഡപത്തിൽ വളരെ നേർത്ത ചില തൂണുകൾ ഉണ്ട് മ്യൂസിക്കൽ പില്ലെർസ് എന്നാണ് ഇവ അറിയപ്പെടുന്നത്. പതുക്കെ ഒന്ന് തട്ടുമ്പോൾ സംഗീതം പൊഴിക്കുന്ന മാന്ത്രിക തൂണുകൾ. ഇതിന്റെ രഹസ്യം അറിയാനായി ബ്രിട്ടീഷുകാർ ഒന്ന് രണ്ടു തൂണുകൾ മുറിച്ച് നോക്കിയത്രേ എന്നാൽ അസ്വാഭാവികമായി ഒന്നും കണ്ടില്ല. പിന്നീട് സഞ്ചാരികളുടെ തിരക്കായപ്പോൾ എല്ലാവരും തട്ടി നോക്കി ഈ തൂണുകളുടെ നിലനില്പ്പ് തന്നെ അപകടത്തിൽ ആകുന്ന അവസ്ഥയായി. ഇപ്പോൾ ആ തൂണുകൾ പുറത്ത് നിന്ന് കാണാനേ നിവൃത്തിയുള്ളൂ.
|
കൊത്തുപണികൾ ചെയ്ത തൂണുകളോട് കൂടിയ മഹാമണ്ഡപം |
മഹാമണ്ഡപത്തിലും ഇപ്പോൾ പ്രവേശനമില്ല. പുനരുദ്ധാരണ പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുന്നു. മഹാമണ്ഡപത്തിൽ കയറാൻ കഴിയാത്തത് ഒരു വലിയ നഷ്ടം തന്നെയായി. ഒരു വശത്തെ വാതിൽക്കൽ കൂടി ശ്രീകോവിലിനുള്ളിലേയ്ക്ക് പ്രവേശിച്ചു. ഏകദേശം നാലടി താഴ്ചയിൽ ആണ് ശ്രീകോവിൽ. കട്ട പിടിച്ച ഇരുട്ടിലെയ്ക്ക് പടികൾ ഇറങ്ങിപ്പോകുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വികാരമായിരുന്നു. എത്രയോ തലമുറകൾ നടന്ന വഴി, എന്തൊക്കെ ഇവിടെ സംഭവിച്ചിരിക്കാം! വിത്താല അമ്പലത്തിലെ മറ്റു മണ്ഡപങ്ങൾ ഒക്കെ കണ്ടു നടന്നു. എണ്ണമറ്റ ശില്പങ്ങളാണ് ഓരോ തൂണിലും. വിഷ്ണുവും. ഗണപതിയും, ഗരുടനും, പാട്ടുകാരും, നർത്തകരും, കാമവും എല്ലാം അവിടെ വിഷയങ്ങളാകുന്നു. ഇതൊക്കെ വിശദമായ കണ്ടു തീർക്കാൻ ദിവസങ്ങൾ വേണം. അത്രയ്ക്കും സമയം നമുക്കില്ലാത്തത് കൊണ്ട് പതുക്കെ വിത്താല ക്ഷേത്രത്തിൽ നിന്നും പുറത്ത് കടന്നു.
അടുത്തതായി തുംഗഭദ്ര നദിയുടെ തീരത്തുള്ള "പുരന്ദര ദാസ " മണ്ഡപത്തിൽ പോകണം. കർണ്ണാടക സംഗീതത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുരന്ദര ദാസൻ തന്റെ അവസാന കാലത്ത് വിത്താല ദേവനെ ഭജിച്ച് കീർത്തനങ്ങൾ രചിച്ചിരുന്നത് ഇവിടെയിരുന്നായിരുന്നത്രേ! പുഴയിലേയ്ക്ക് ഇറങ്ങി നില്ക്കുന്ന ഈ മണ്ഡപം വളരെ മനോഹരമാണ്. ആർക്കും ഒരു കവിതയൊക്കെ എഴുതാൻ തോന്നിപ്പോകുന്ന ഒരു സെറ്റ് അപ്പ്.
|
പുരന്ദര ദാസ മണ്ഡപം |
തണുത്ത സുഖരമായ കാറ്റ്. പുഴയുടെ മൃദു സംഗീതം. കരയിലെ ഒരു കുഞ്ഞു വള്ളം വെള്ളത്തിലേയ്ക്ക് ഒഴുകാൻ വെമ്പുന്നതും നോക്കി ഞങ്ങൾ തുംഗഭദ്രയുടെ കരയിൽ വെറുതേയിരുന്നു.
രണ്ടാം ഭാഗം ഇവിടെ
മൂന്നാം ഭാഗം ഇവിടെ
Thanks for the detailed write up :)
ReplyDeletePost a Comment